ജീവനെടുക്കുന്ന ലോണ്‍ ആപ്പ് കെണി
അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ സമ്മര്‍ദ്ദവും കാരണമായിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുകയും വടകര സ്വദേശിയായ യുവാവ് ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്ത് അവരുടെ ഭീഷണി അസഹ്യമായപ്പോള്‍ നാടുവിട്ടുപോവുകയും ചെയ്തത് വാര്‍ക്കയായിരുന്നു. ഇതിന് മുമ്പ് ലോണ്‍ ആപ്പ് കെണികളില്‍ കുരുങ്ങി ആത്മഹത്യ ചെയ്തവരുടെ എണ്ണവും ഏറെയാണ്. കൊയിലാണ്ടിയിലെ യുവതി അടക്കമുള്ലവരുപടെ മരണം ലോണ്‍ ആപ്പ് കെണികളാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കൊള്ളപ്പലിശക്കാരെയും ബ്ലേഡ് മാഫിയകളെയും കടത്തിവെട്ടുന്ന ലോണ്‍ ആപ്പ് മാഫിയകളുടെ ക്രൂരതകള്‍ പുറത്തുവന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ലോണ്‍ ആപ്പുകാരുടെ പരസ്യങ്ങളും വാഗ്ദാനങ്ങളും നിരന്തരം ലഭിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ലോണ്‍ ആപ്പുകാര്‍ കെണിയൊരുക്കുന്നത്. നിങ്ങള്‍ക്ക് യാതൊരു ഈടുമില്ലാത്ത എത്ര പണം വേണമെങ്കിലും നല്‍കാമെന്ന വാഗ്ദാനമാണുണ്ടാവുക. സാധാരണക്കാരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരും ഈ കെണിയില്‍ വീഴും ബാങ്കുകളില്‍ നിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ ലഭിക്കണമെങ്കില്‍ അതിന് ഒട്ടേറെ കടമ്പകളുണ്ട്. ജാമ്യം വസ്തുക്കളും വരുമാനസ്രോതസ്സുകളും കൃത്യമായി രേഖകള്‍ സഹിതം ബോധിപ്പിക്കണം. എന്നാല്‍ ലോണ്‍ ആപ്പിന് ഇതൊന്നും ആവശ്യമില്ല. എന്നാല്‍ പലിശ മുപ്പത്തിയഞ്ച് ശതമാനം വരെ ആകുമെന്ന് മാത്രം. അത്യാവശ്യക്കാര്‍ ഇതൊന്നും നോക്കാതെ ഇവരുടെ കെണിയില്‍ തലവച്ച് പണം കടമെടുക്കും. കൃത്യമായി ഗഡുക്കള്‍ അടച്ചില്ലെങ്കിലാണ് ലോണ്‍ആപ്പുകാര്‍ തനിനിറം പുറത്തെടുക്കുക. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് നമ്പരുകളും മറ്റ് വിവരങ്ങളും എടുത്ത് പിന്നീടവര്‍ പണി തുടങ്ങും. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയയ്ക്കും, കടുത്ത ഭീഷണികള്‍ നടത്തും, ഫോണിലെ കോണ്‍ടാക്ട് നമ്പറില്‍ ഉഎള്ളവരെയും വിളിച്ച് ഭീഷണിപ്പെടുത്തും. ഇതോടെ പ്രതിസന്ധിയിലാകുന്നവര്‍ മാനഹാനി ഭയന്ന് മറ്റെവിടെനിന്നെങ്കിലും കടംവാങ്ങി ഇവര്‍ക്ക് നല്‍കും. അടച്ചാലും അടച്ചാലും തീരാത്ത കെണിയാണിതെന്ന് അപ്പോഴാണ് മനസ്സിലാവുക. പലരും അപ്പോഴേയ്ക്കും ജീവനൊടുക്കുന്ന അവസ്ഥയിലെത്തും.
ലോണ്‍ ആപ്പുകള്‍ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്ന് പൊലീസ് തന്നെ പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ആരും ഇതുവരെ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. നികച്ചും നിയമവിരുദ്ധമായ പണമിടപാടാണ് ലോണ്‍ ആപ്പുകള്‍. സാധാരണക്കാരും വിദ്യാര്‍ത്ഥികളും സ്ത്രീകളുമൊക്കെയാണ് ഇവരുടെ കെണ്യില്‍പ്പെടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് ലോണ്‍ ആപ്പ് സംഘം തട്ടിയത് എഴുപത് കോടിയെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇത് യഥാര്‍ത്ഥ കണക്കിന്റെ പകുതിപോലുമുണ്ടാകില്ലെന്ന് ഉറപ്പാണ്. ഒരു ഈടുമില്ലാതെ ബാങ്കിങ് നൂലാമാലകളില്ലാതെ ഒരൊറ്റ ക്ലിക്കില്‍ പണം അക്കൌണ്ടിലെത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ യഥാര്‍ത്ഥത്തില്‍ മരണക്കെണിയാണെന്ന് അറിയാമെങ്കിലും അതില്‍ പോയി വീഴുന്നവര്‍ ഏറെയാണ്. ഇരയാകുന്നവരില്‍ അഞ്ചില്‍ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവര്‍ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് തന്നെ വ്യക്തമാക്കുന്നു.
ലോണ്‍ ആപ്പ് കെണികളില്‍പ്പെട്ടവര്‍ സൈബര്‍ പൊലീസിന് ഇതുവരെ നല്‍കിയ പരാതികള്‍ ആറായിരത്തോളം വരും. കൂടുതല്‍ പരാതികള്‍ മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുമാണെന്നാണ് പൊലീസ് പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇരകളാകുന്നവരില്‍ 31 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരാണ്. തുച്ഛ ശമ്പളക്കാരും സാമ്പത്തിക ബുദ്ധിമുട്ടുളളവരുമാണ് ഇതില്‍ കൂടുതലും. പരാതി നല്‍കിയവരില്‍ ഇരുപത് ശതമാനം വീട്ടമ്മമാരുമാണ്. വ്യാപാരികളും ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും വായ്പയെടുത്ത് കെണിയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം തുടക്കത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പോലും അറിയാന്‍ കഴിയില്ല. പണത്തിന് അത്യാവശ്യമുള്ളവര്‍ക്ക് പെട്ടെന്ന് പണം നല്‍കുന്നതാണ് ലോണ്‍ ആപ്പുകളെ ആകര്‍ഷകമാക്കുന്നത്. അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയാണുള്ളത്. നൂറ് കണക്കിന് ലോണ്‍ ആപ്പുകളാണ് ഇത്തരത്തില്‍ കെണിയൊരുക്കി ഇരകളെ കാത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസും അന്വേഷണ ഏജന്‍സികളും ജാഗ്രതയോടെ നടപടിയെടുക്കേണ്ടതും ലോണ്‍ ആപ്പ് മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതുമാണ്.
