politicalkerala@gmail.com
May 30, 2026
ഉഷ്ണ തരംഗം: അതീവ ജാഗ്രത വേണം
Politics

ഉഷ്ണ തരംഗം: അതീവ ജാഗ്രത വേണം

Apr 25, 2026

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് കിണര്‍ പണി ചെയ്തുകൊണ്ടിരുന്ന യുവാവ് മരിച്ചിരുന്നു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശിയായ മുപ്പത്തിയേഴുകാരന്‍ സനല്‍കുമാര്‍ ആണ് മരിച്ചത്. കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണവത്ത് കിഴവാക്കാലില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി അംജാദ് അന്‍സാരി എന്നയാളും അന്ന് തന്നെ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നാദാപുരത്ത് അങ്കണവാടി ജീവനക്കാരിക്ക് ജോലിക്കിടെ വലതുകൈക്ക് പൊള്ളലേറ്റു. മലപ്പുറം വണ്ടൂരില്‍ നാലുവയസ്സുകാരിക്ക് കളിച്ചുകൊണ്ടിരിക്കെ സൂര്യാഘാതമേറ്റു. കോട്ടയം പാലായില്‍ ഇതരസംസ്ഥാന തൊഴിലാളിക്കും ജോലിക്കിടെ സൂര്യാഘാതമേറ്റു. അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളത് മുന്നറിയിപ്പുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ചൂട് വര്‍ദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാല്‍ താഴെ പറയുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം.പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക.
പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആല്‍ബനിസം ബാധിച്ചവരും ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
പകല്‍ 11 മുതല്‍ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകല്‍പ്പൂരങ്ങള്‍, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകള്‍ക്കെതിരെ കനത്ത കരുതല്‍ വേണം.
വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകല്‍ സമയത്ത് അവയെ മേയാന്‍ വിടരുത്. കടുത്ത ചൂടില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാല്‍ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത വേണം.
പകല്‍ സമയത്തെ പുറംപണികള്‍ ഒഴിവാക്കുന്നതിനായി തൊഴില്‍ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണം. പകല്‍ സമയത്തെ തൊഴിലുറപ്പ് ജോലികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. ട്രാഫിക് പോലീസുകാര്‍ക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാര്‍ക്ക് റെസ്റ്റോറന്റ്കളുടെ സമീപത്തായും തണലോട് കൂടിയ വിശ്രമ സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലും ആംബുലന്‍സുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തണ്ണീര്‍പന്തലുകള്‍ ഒരുക്കാം: യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി കുടിവെള്ളവും തണലും ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ എന്നിവര്‍ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാല്‍ അവരെ ഉടന്‍ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാന്‍ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.
ഉത്തരേന്ത്യയിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും, മധ്യ, കിഴക്കന്‍ ഇന്ത്യയിലും താപനില 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. താപനില ഉയരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *