വനിതാസംവരണം എന്ന രാഷ്ട്രീയ ആയുധം
വനിതാ സംവരണ ബില്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടത് രാജ്യത്തെ പ്രതിപക്ഷം ആഘോഷിക്കുന്നതിനൊപ്പം ഇക്കാര്യം വലിയ പ്രചാരണായുധമാക്കാന്‍ ബിജെപിയും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലമായിട്ടും പ്രധാനമന്ത്രി വനിതാസംവരണബില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയുടെ താല്‍പര്യങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് ചെരുത്ത് തോല്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍.
മണ്ഡലം പുനര്‍നിര്‍ണയത്തിലും ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂട്ടി നടപ്പിലാക്കുന്നിലും പ്രതിപക്ഷം കടുത്ത എതിര്‍പ്പ് സ്വീകരിച്ചതോടെയാണ് ലോക്‌സഭയില്‍ ബില്‍ പരാജയപ്പെട്ടത്. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ വന്നതോടെ കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു സുപ്രധാന ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വന്‍ പ്രചാരമവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെയടക്കം വന്‍ പ്രചാരണം നടത്താനാണ് ബി ജെ പിയുടെ തീരുമാനം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കളിഞ്ഞു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് വലിയ പ്രതിഷേധമാണ് നടത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്ത്രീവോട്ടര്‍മാര്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ സംഘടിത ആക്രമണമായാണ് ഇതിനെ ചിത്രീകരിച്ചത്.
വനിതാ സംവരണ ബില്‍ പാസാകാത്തതില്‍ രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തോടുള്ള തന്റെ അഭിസംബോധന ആരംഭിച്ചത്. സ്ത്രീകളുടെ പുരോഗതി എങ്ങനെ നിലച്ചുവെന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. സ്ത്രീ സംവരണ ബില്ലിനായി ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞില്ല. എല്ലാ അമ്മമാരോടും താന്‍ ക്ഷമ ചോദിക്കുന്നു. തങ്ങള്‍ക്ക് രാഷ്ട്രതാല്‍പ്പര്യമാണ് പരമപ്രധാനം. എന്നാല്‍ ചിലര്‍ ദേശീയതാല്‍പ്പര്യത്തേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ സ്ത്രീകളും രാജ്യവും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. അതാണ് ഇവിടെ സംഭവിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ രാഷ്ട്രീയം കാരണം രാജ്യത്തെ സ്ത്രീകള്‍ ദുരിതമനുഭവിച്ചു. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകള്‍ പാര്‍ലമെന്റ് വീക്ഷിക്കുന്നുണ്ടായിരുന്നു. രാജ്യത്തെ സ്ത്രീകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്ത്രീകളുടെ താല്‍പ്പര്യത്തിനായുള്ള ബില്‍ പരാജയപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി തുടങ്ങിയ പാര്‍ട്ടികളും കുടുംബ പാര്‍ട്ടികളും കൈയടിച്ച് ആഘോഷിച്ചത് കണ്ടപ്പോള്‍ വളരെ സങ്കടമായി. ആരില്‍നിന്നും ഒന്നും തട്ടിയെടുക്കാതെ നമ്മുടെ സ്ത്രീശക്തിക്ക് ചിറകുകള്‍ നല്‍കുക എന്നതായിരുന്നു സ്ത്രീ സംവരണ ബില്‍കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണഘടനയെ അപമാനിച്ചു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ വനിതാ സംവരണ ബില്‍ പരാജയപ്പെടുത്തി ഭ്രൂണഹത്യ നടത്തി എന്നാണ് പ്രധാനമന്ത്രി വൈകാരികമായി തന്നെ പ്രതികരിച്ചത്.
എന്നാല്‍ വനിതാ സംവരണത്തെയല്ല മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിര്‍ക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കുകയാണ് പ്രതിപക്ഷം. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നത്. മണ്ഡലങ്ങളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച് അതിന്റെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്ഥിരമായി ഭരണത്തില്‍ തുടരാനുള്ള ബിജെപിയുടെ തന്ത്രം രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കുമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.
വനിതാസംവരണ ബില്ലിന്റെ മറവില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് നുണപറയുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. വനിതാസംവരണ ബില്ലിന്റെ മറവില്‍ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പിന്നില്‍ അപകടകരമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വനിതാ സംവരണത്തിനുള്ള ബില്ലാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പാര്‍ലമെന്റ് പ്രാതിനിധ്യം ദുര്‍ബലപ്പെടുത്താനുമുള്ള പദ്ധതിയാണിതെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഭാരതമെന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ലോക്‌സഭയില്‍ ഈ നീക്കങ്ങളെ ചെറുത്തത്. മണ്ഡല പുനര്‍നിര്‍ണയത്തെ ഒരു രാഷ്ട്രീയ ആയുധമായാണ് ബിജെപി ഉപയോഗിക്കുന്നത്. ഇത് രാജ്യത്തിന്റെ ഐക്യത്തിന് എതിരായ ദേശവിരുദ്ധ നടപടിയായിരുന്നു. എന്നാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയുടെ ഈ നീക്കത്തെ പരാജയപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കുന്നു.
ഒറ്റക്കെട്ടായി ബിജെപി ഭരണത്തിന് തിരിച്ചടി നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും പ്രതിപക്ഷവും. വനിതാസംവരണമല്ല മണ്ഡല പുനര്‍നിര്‍ണയമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന ചര്‍ച്ച ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞതാണ് അവരുടെ വിജയം.
