‘മണ്ഡലത്തില്‍ തന്നെ ഉണ്ടാകും, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും’; പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍
ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. കാറിലെത്തിയ രാഹുലിനെ അനുയായികളാണ് സ്വീകരിച്ച് ഓഫീസിലേക്ക് കയറ്റിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ തിരികെ എത്തിയിരിക്കുന്നത്.
രാവിലെ മുതല്‍ രാഹുലിന്റെ വരവും കാത്ത് എംഎല്‍എ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തി കാത്തുനിന്നെങ്കിലും പ്രതിഷേധക്കാര്‍ മടങ്ങിയ ശേഷമാണ് രാഹുല്‍ എത്തിയത്.
ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും വിശദമായി പിന്നീട് സംസാരിക്കാമെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.’ഇതിനുമുന്‍പും സംസാരിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സംസാരിക്കാം. ഞാന്‍ പറയുന്നതിന് അപ്പുറമാണ് വാര്‍ത്തകള്‍. പ്രതിഷേധങ്ങളോട് നിഷേധാത്മകമായ സമീപനമില്ല’- രാഹുല്‍ പറഞ്ഞു. മണ്ഡലത്തില്‍തന്നെ ഉണ്ടാകുമെന്നും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മരണം, വിവാഹം തുടങ്ങിയ പൊതുപരിപാടികളില്‍ ഒഴികെ എംഎല്‍എ ഓഫീസില്‍ പ്രവേശിച്ചാലോ എംഎല്‍എ എന്ന നിലയില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്താലോ തടയുമെന്നാണ് പാലക്കാട് ബിജെപി നേതൃത്വം രാവിലെ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ തിരികെ എത്തിയതോടെ മണ്ഡലത്തിലും എംഎല്‍എ ഓഫീസിനും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവരുടെ പിന്തുണയോടെയാണ് മണ്ഡലത്തില്‍ എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അടൂരിലെ വീട്ടില്‍ നിന്നും രാഹുല്‍ പാലക്കാട്ടേക്ക് തിരിച്ചത്. രാഹുലിന്റെ തിരിച്ച് വരവിന്റെ ഭാഗമായി ഇന്ന് രാവിലയോടെ രാഹുലിന്റെ എംഎല്‍എ ഓഫീസും തുറന്നിരുന്നു.
പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് ആദ്യം പോയത്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് നാലുമണിയോടെ എംഎല്‍എ ഓഫീസിലെത്തിയത്. കെഎസ്യു പാലക്കാട് ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടിയാണ് രാഹുലിന്റെ വാഹനം ഓടിച്ചത്. കെപിസിസി നിര്‍വാഹക സമിതിയംഗം സി ചന്ദ്രനും രാഹുലിനെ അനുഗമിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷും ഒപ്പമുണ്ടായിരുന്നു. ആഗസ്റ്റ് 17 നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അവസാനമായി പാലക്കാട് എത്തിയത്.
