politicalkerala@gmail.com
May 30, 2026
വായ്പകള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളെ തന്നെ സമീപിക്കുക
Politics

വായ്പകള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളെ തന്നെ സമീപിക്കുക

Apr 25, 2026

ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളും വിവാദങ്ങളും ധാരാളം ഉയരുന്നുണ്ടെങ്കിലും കെണിയില്‍പ്പെട്ടവരില്‍ ഏറെപ്പേരും മാനഹാനി ഭയന്ന് വിവരം പുറത്തുപറയാന്‍ മടിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ആളുകള്‍ പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്. ലോണ്‍ ആപ്പ് മാഫിയയെ ഭയന്നും അപമാനവും കാരണമാണ് പലരും പരാതി നല്‍കാന്‍ മടിക്കുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറെയും യുവതികളും വീട്ടമ്മമാരുമാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. അപമാനമുണ്ടാകുമെന്നതും മറ്റുള്ളവര്‍ അറിയുമെന്നതുമാണ് പരാതി നല്‍കാന്‍ മടിക്കുന്ന സാഹചര്യമുണ്ടാക്കുന്നത്.
അഞ്ചരക്കണ്ടി ഡന്തല്‍ കോളെജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയെ തുടര്‍ന്ന് ലോണ്‍ ആപ്പ് സംഘത്തിനെതിരെ പരാതി ഉണ്ടായതോടെ പൊലീസ് കേസെടുക്കുകയും ലോണ്‍ ആപ്പ് ഇടപാടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കണ്ണൂരില്‍എ ത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ലോണ്‍ ആപ്പ് ഇടപാടുകാരെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ സ്ഥാപനത്തില്‍ നിന്ന് മാത്രം 1200 പേര്‍ കേരളത്തില്‍ ന്ന് പണം കടം വാങ്ങിയിട്ടുണ്ട്.
ഇന്‍സ്റ്റന്റ് ഫണ്ട്സ് എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഗാസിയാബാദ് സ്വദേശികളായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ നിതിന്റെ അധ്യാപിക നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിതിന്‍രാജ് ലോണ്‍ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് അധ്യാപികയുടെ ഫോണ്‍ നമ്പറിലേക്ക് നിരന്തരം കോളുകളും മെസേജുകളും വരികയുമായിരുന്നു. നമ്പര്‍ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളില്‍ നിന്നും ശല്യം തുടര്‍ന്നു. ഇതോടെയാണ് അധ്യാപിക പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നോയിഡയിലാണെന്ന് മനസിലാക്കി പൊലീസ് അവിടെ എത്തി. ഐടി പാര്‍ക്കിന് സമാനമായി അതിവിപുലമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ രാജ്യത്തെമ്പാടും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലണ്‍ നല്‍കിയത്. നാല്‍പ്പതോളം ജീവനക്കാര്‍ ലോണ്‍ ആപ്പ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍, പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പൊലീസ് സിം ബോക്സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തു.
ഇത്തരത്തില്‍ നൂറുകണക്കിന് കമ്പനികളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുമുണ്ട്. ഈടില്ലാത്ത വായ്പ എന്ന വാഗ്ദാനത്തിലൂടെയാണ് ഇത്തരം ആപ്പുകള്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്നത്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയിലേക്കെല്ലാം ഇവര്‍ക്ക് പൂര്‍ണമായ അനുമതി ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍, വീട്ടമ്മമാര്‍ എന്നിവരെയാണ് ഇത്തരം സംഘങ്ങള്‍ കൂടുതലും ലക്ഷ്യമിടുന്നത്. കൊള്ളപ്പലിശ ഈടാക്കുന്നതിനൊപ്പം വായ്പ അനുവദിക്കുന്ന സമയത്ത് തന്നെ നല്ലൊരു തുക സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുണ്ട്. ചെറുകിട ഹ്രസ്വകാല വായ്പകള്‍ അനുവദിക്കുകയും ഇതിന് നൂറ് ശതമാനത്തിലധികം വാര്‍ഷിക പലിശ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഒരേ ആപ്പ് ഉപയോഗിച്ച് പല കമ്പനികള്‍ക്കും സേവനം നല്‍കുന്ന രീതിയും നിലവിലുണ്ട്.
അധികൃതവും അനധികൃതവുമായ ലോണ്‍ ആപ്പുകളുടെ വ്യക്തമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്ന ആപ്പുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പൊലീസ് സംവിധാനവും തയ്യാറാകണമെന്നും ബാങ്കിംഗ് മേഖലയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ എടുക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളെ മാത്രം സമീപിക്കുകയാണ് സുരക്ഷിതമെന്നാണ് വിവിധ ധനകാര്യസംഘടനകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *