ജീവന്റെയും ചോരയുടെയും മീതെ നിന്ന് ആഘോഷിക്കരുത്
എത്ര വലിയ ദുരന്തങ്ങളുണ്ടായാലും അതില്‍ നിന്ന് യാതൊരുവിധ പാഠങ്ങളും പഠിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് നമ്മുടെ ഭരണകൂട സംവിധാനങ്ങളും വിവിധ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നവരും. അതുകൊണ്ടുതന്നെയാണ് കേരളത്തെ ഞെട്ടിച്ച വെടിക്കെട്ട് അപകടങ്ങളില്‍ ഒന്നുകൂടി സംഭവിച്ചത്. കൊടുംചൂട് കാലത്ത് യാതൊരുവിധ മര്യാദകളും ഇല്ലാതെ ഇത്തരം വെടിക്കെട്ട് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെയും കണ്ണടച്ചതിന്റെയും പ്രോത്സാഹനം നല്‍കിയതിന്റെ അനന്തരഫലങ്ങള്‍ തന്നെയാണ് തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ വന്‍ സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം.
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കൊട് വയലിലെ അഞ്ച് വെടിമരുന്ന് പുരകളില്‍ ഉണ്ടായ വന്‍സ്ഫോടനത്തില്‍ ഇതുവരെ പതിനാല് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒട്ടേറെപ്പേര്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ തിരുവമ്പാടി ദേവസ്വം ഇത്തവണ ആഘോഷങ്ങളില്ലാതെ പൂരം നടത്താമെന്ന് പെട്ടെന്ന് തന്നെ അറിയിച്ചു. എന്നാല്‍ പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് വേണമെന്ന വാശിയിലാണ്. വെടിക്കെട്ടില്ലാതെ എന്തുപൂരമെന്നാണ് പലരുടെയും ചോദ്യം. ഇത് പതിനാല് മനുഷ്യരുടെ ചോരയ്ക്ക് മുകളില്‍ നിന്നാണ് അവര്‍ ചോദിക്കുന്നത് എന്നോര്‍ക്കണം.
ക്ഷേത്രോത്സവങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഇത്ര വിപുലമായ വെടിക്കെട്ട് വേണമെന്ന് ആരാണ് അനുശാസിച്ചിട്ടുള്ളത് എന്ന ചോദ്യം ഇനിയെങ്കിലും ഉയരണം. കേരള നവോത്ഥാനത്തിന്റെ ശില്‍പികളില്‍ പ്രമുഖനായ ശ്രീനാരായണഗുരുദേവന്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാത്തരം ആഘോഷങ്ങളും ആചാരങ്ങളും ലളിതമായി വേണമെന്ന് കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. കേരളം ആരാധിക്കുന്ന ആദ്ധ്യാത്മികപുരുഷനായ ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവരുടെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കാതെ അതിലും മുന്തിയ ആളുകളെന്ന് സ്വയം കരുതുന്ന ദേവസ്വം ഭാരവാഹികളും ഉത്സവ നടത്തിപ്പുകാരും അവര്‍ക്ക് തോന്നുന്നപോലെയാണ് ആചാരാനുഷ്ഠാനങ്ങള്‍ നിശ്ചയിക്കുന്നത് എന്നതാണ് ആദ്ധ്യാത്മിക മേഖല നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഓരോ വര്‍ഷവും ക്ഷേത്രോത്സവങ്ങളെ കൂടുതല്‍ അത്യാഢംബരമാക്കാന്‍ മത്സരിക്കുന്ന കാഴ്ചകളാണ് കാണാനാകുന്നത്. കോടികള്‍ ചെലവഴിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്കൊണ്ട് ആര്‍ക്കാണ് നേട്ടമെന്ന ചോദ്യവും ഇനിയെങ്കിലും ഉയരണം.
ഉത്സവാഘോഷങ്ങളില്‍ കരിയും കരിമരുന്നും വേണ്ട എന്ന് ഗുരുദേവന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഒരു നൂറ്റാണ്ട് മുമ്പാണ്. എന്നാല്‍ ഇന്ന് പൂരങ്ങള്‍ക്കും വേലകള്‍ക്കും പൊട്ടിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയാണെന്ന് ആര്‍ക്കുമറിയില്ല. അനുവദനീയമായതിന്റെ എത്രയോ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് കരാറെടുത്ത ആള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്. എന്നാല്‍ ഇത് പൂരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്നാണ് പാറമേക്കാവ് ദേവസ്വം ഭാരവാഹിയുടെ പുതിയ ആരോപണം. ഇത്തരത്തില്‍ യാതൊരു മനുഷ്യത്വവും മര്യാദയുമില്ലാത്ത ആളുകളാണ് ക്ഷേത്രങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുണ്ടാക്കിയത്. അവിടെയാണ് അപകടമുണ്ടായി പതിനാലോളം ആളുകള്‍ മരിച്ചതും ഇരുപതിലേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളതും. ഇവരുടെ ജീവനും ചോരയ്ക്കും മീതെയാണ് ഇക്കുറി പൂരം ആഘോഷിക്കുന്നതെന്ന് ഓര്‍ക്കുക പോലും ചെയ്യാത്തവരാണ് ഗൂഢാലോചന സിദ്ധാന്തങ്ങളുമായി എഴുന്നെള്ളിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പൂരം ആത്യാഢംബരമാക്കുന്നത് ആര്‍ക്കാണ് പ്രയോജനമാകുന്നത് എന്നതിനെക്കുറിച്ച് ചര്‍ച്ചകളും അന്വേഷണങ്ങളുമാണ് ഉണ്ടാകേണ്ടത്. എല്ലാം പണമാകുമ്പോള്‍ എവിടെയാണ് മനുഷ്യത്വമുണ്ടാവുക!
ക്ഷേത്രങ്ങള്‍ക്ക് പകരം പള്ളിക്കൂടങ്ങളുണ്ടാക്കി പുതിയ തലമുറയ്ക്ക് വെളിച്ചം പകരണമെന്നാണ് ശ്രീനാരായണഗുരുദേവന്‍ ഉദ്‌ബോധിപ്പിച്ചത്. അക്കാലത്ത് ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് നടന്ന ആഘോഷങ്ങളും അനാചാരങ്ങളും കണ്ടുമടുത്തതുകൊണ്ട് തന്നെയാണ് ഗുരുദേവന്‍ ഇപ്രകാരം പറഞ്ഞത്. അദ്ദേഹം തന്നെ ജനങ്ങളുടെ ആത്മീയമായ ഉന്നതിക്ക് വേണ്ടി ലളിതമായ പ്രതിഷ്ഠകള്‍ നടത്തിയ ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലകൊള്ളുന്നുണ്ട്. അവിടങ്ങളില്‍ പോലും ഗുരുദേവ വചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയുള്ള ആചാരാനുഷ്ഠാനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
