politicalkerala@gmail.com
May 30, 2026
സ്ട്രോങ് റൂം വിവാദങ്ങള്‍
Politics

സ്ട്രോങ് റൂം വിവാദങ്ങള്‍

Apr 25, 2026

വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കോഴിക്കോട്ടും പാലക്കാട്ടും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ കാരണമാണ് ഏറെ വിവാദങ്ങളുണ്ടാക്കിയ ഈ സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് രാഷ്ട്രീയ നേതാക്കളുടെ വാദം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സ്ട്രോങ് റൂം തുറക്കല്‍ വാര്‍ത്തയാവുകയും രാഷ്ട്രീയനേതാക്കള്‍ പരാതികളുമായി രംഗത്തെത്തുകയും ചെയ്തതോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. പേരാമ്പ്രയിലേയും നെന്മാറയിലേയും സ്ട്രോങ് റൂം വിവാദത്തിന് പിന്നാലെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറിന്റെ ഇടപെടല്‍ ഉണ്ടായത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നതിനെച്ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നത്. ഇതിന് പിന്നാലെ പാലക്കാട് വിക്ടോറിയ കോളെജിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലെ മുറിയും തുറക്കാന്‍ തീരുമാനിച്ചിരുന്നു. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ് റൂം തുറന്ന് പ്രിസൈഡിങ് ഓഫീസര്‍ മറന്നുവെച്ച ഡയറി തിരികെ എടുക്കാനാണെന്നായിരുന്നു വിശദീകരണം.
കോഴിക്കോട്ടെ സ്ട്രോങ് റൂം തുറന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന വിക്ടോറിയ കോളേജിലെ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം ജില്ലാ കളക്ടര്‍ പിന്‍വലിച്ചിരുന്നു. തുറക്കാന്‍ തീരുമാനിച്ചത് മെറ്റീരിയല്‍ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ വിശദീകരിക്കുകയും ചെയ്തു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയല്‍ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതില്‍ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള നടപടികള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് ഉറപ്പാണ്. അതിനാല്‍ ജാഗ്രതയോടെയുള്ള നടപടികളാണ് ആവശ്യം.
കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ്യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നതിനേച്ചൊല്ലി വന്‍ വിവാദം ഉടലെടുത്തിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നത്. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ഈ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് എന്നിവര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ജോലികളില്‍നിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കളക്ടറോട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയതും.
പേരാമ്പ്ര മണ്ഡലത്തില്‍ എന്‍കോര്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായാണ് സീല്‍ ചെയ്യാത്ത മുറി തുറന്നതെന്നാണ് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ വിശദീകരിച്ചത്. നാമനിര്‍ദേശപത്രികാ സമര്‍പ്പണംമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ് വെയറാണ് എന്‍കോര്‍. വോട്ടെടുപ്പ് നാളിലെ വിവരം രേഖപ്പെടുത്തിയ പ്രിസൈഡിങ് ഓഫീസറുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കാനാണ് റിട്ടേണിങ് ഓഫീസര്‍ ഈ മുറി തുറന്നതെന്നാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ വിശദീകരണം. ഇതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയത്.
തെരഞ്ഞെടുപ്പ് കാലത്ത് എന്തും വിവാദങ്ങളും പ്രശ്നങ്ങളുമായി മാറാന്‍ ഇടയുണ്ട്. അതിനാല്‍ ജാഗ്രതയോടെ തന്നെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടത് ആവശ്യമാണ്. ബന്ധപ്പെട്ട ആളുകളെ കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *