പി വി അന്‍വറിന്റെ രാഷ്ട്രീയം
ബേപ്പൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആദ്യം കോണ്‍ഗ്രസുകാരനായും പിന്നീട് സിപിഎമ്മിനൊപ്പവും അവിടെ നിന്നും പിണങ്ങി സ്വന്തം പ്രസ്ഥാനമുണ്ടാക്കി നോക്കിയെങ്കിലും ക്ലച്ച് പിടിക്കാതെ നേരെ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയെ കേരളത്തില്‍ ശക്തിപ്പെടുത്താനിറങ്ങിയും കേരള രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പാലിയതോടെയാണ് പി വി അന്‍വര്‍ വീണ്ടും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കേരള രാഷ്ട്രീയത്തില്‍ മറ്റൊരു പി സി ജോര്‍ജ്ജാകാനുള്ള വഴിയിലൂടെ തന്നെയാണ് പി വി അന്‍വറിന്റെയും യാത്രയെന്ന് ഏറെക്കുറെ വ്യക്തമാണ്. എല്ലാ വഴികളും അടയുമ്പോള്‍ അവസാന അത്താണി ബിജെപി തന്നെയാകുമോ എന്നുമാത്രമേ അറിയാനുള്ളൂ.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ പകുതി വരെയും പി വി അന്‍വര്‍ കേരളത്തിലെ പുലിക്കുട്ടിയായിരുന്നു. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ ചിലരുമായും തെറ്റിപ്പിരിഞ്ഞതോടെയാണ് പി വി അന്‍വറിന്റെ ശനിദശ തുടങ്ങിയത്. പിണറായി വിജയനുമായി തെറ്റിയ അന്‍വര്‍ അക്കാലത്ത് നിരന്തരം മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി നിറഞ്ഞുനിന്നിരുന്നു. പൊലീസ് തലപ്പത്തും സര്‍ക്കാര്‍ തലപ്പുത്തുമുള്ള നിരവധിയാളുകള്‍ അന്‍വറിന്റെ നാക്കിന്റെ ചൂടറിഞ്ഞു. മുഖ്യമന്ത്രിയും മരുമകനും മന്ത്രിയുമായ റിയാസ് മുഹമ്മദും ശത്രുനിരയിലെ പ്രധാനികളായതോടെ യുഡിഎഫുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം പാളി. ഓടുവിലാണ് തൃണമൂലിലൂടെ യുഡിഎഫ് അസോസിയേറ്റ് മെമ്പറായത്. ഇത്തരത്തില്‍ അസോസിയേറ്റ് മെമ്പര്‍മാരായ പാര്‍ട്ടികളില്‍ പി വി അന്‍വറിന് മാത്രമാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടം ലഭിച്ചത്. ആദിവാസി നേതാവായ സി കെ ജാനുവിനെ വരെ ഇക്കുറി യു ഡി എഫ് തഴഞ്ഞിരുന്നു. ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ താന്‍ മത്സരിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പി വി അന്‍വന്‍ സ്വയം പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് സ്ഥിരമായി വന്‍ മാര്‍ജ്ജിനില്‍ തോറ്റ് തുന്നംപാടുന്ന ആ സീറ്റ് കാര്യമായ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ അന്‍വര്‍ നേടിയെടുക്കുകയും ചെയ്തു. പ്രചാരണഘട്ടത്തില്‍ മുഹമ്മദ് റിയാസിനും ഭാര്യാപിതാവായ പിണറായി വിജയനുമെതിരെ നിരന്തരം ആരോപിക്കുകയും ചെയ്തിരുന്നു. എന്തൊക്കെ സംഭവിച്ചാലും ബേപ്പൂരില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പി വി അന്‍വറിനും യുഡിഎഫിനും കൃത്യമായി അറിയാം. തൃണമൂലില്‍ നിന്ന് അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് അന്‍വര്‍ പിണങ്ങിയതും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചതും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പി വി അന്‍വര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ നിന്ന് തനിക്ക് യാതൊരു പിന്തുണയും തെരഞ്ഞെടുപ്പ് കാലത്ത് അടക്കം ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം തൃണമൂല്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ അടക്കം പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. അത് കേരളത്തില്‍ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അന്‍വര്‍ പറഞ്ഞത്.
ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പാര്‍ട്ടി. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാന പാര്‍ട്ടി ഫാഷിസത്തെയും പിണറായിസത്തെയും ഒരു പോലെ എതിര്‍ക്കും. മേയ് പകുതിയില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരും. ഒന്നര വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. പഞ്ചായത്ത് തലത്തില്‍ വരെ കമ്മിറ്റി രൂപീകരിച്ച് നന്നായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വാഭാവികമായി ലഭിക്കേണ്ട ഒരു പിന്തുണയും ലഭിച്ചില്ല. കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ ഒരു പ്രയാസവും ഇല്ല എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. കാര്യങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ അതില്‍ നിന്ന് പിന്മാറി. ബേപ്പൂരില്‍ നടന്ന മത്സരത്തില്‍ ദേശീയ തലത്തില്‍ നിന്ന് ഒരു നേതാവിനെ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ പറ്റില്ല എന്നവര്‍ അറിയിച്ചു. ബംഗാളില്‍ അത് രാഷ്ട്രീയപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് വിശദീകരണം നല്‍കിയത്. എന്നാല്‍ കേരളത്തില്‍ ഈ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് മനസിലാക്കിയാണ് തൃണമൂലുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി വിട്ട പി വി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയസ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അന്‍വറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസന്‍ വ്യക്തമാക്കിയത്. പി വി അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും ശിവദാസന്‍ പറഞ്ഞു. നിരവധി ഇടത് നേതാക്കള്‍ അടക്കം പാര്‍ട്ടിയില്‍ ചേരുമെന്ന് പറഞ്ഞാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്നത്. എന്നാല്‍ ഇതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരാള്‍ക്ക് പോലും ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ അറിയില്ലെന്ന അവസ്ഥയാണ്. പി വി അന്‍വര്‍ തന്നെ പാര്‍ട്ടിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്ത് തൃണമൂല്‍ നേതൃത്വം പുറത്ത് വിട്ടിട്ടുണ്ട്. അതില്‍ ഒട്ടേറെ പ്രമുഖ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. മുന്‍ സിപിഎം എംഎല്‍എ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ അടങ്ങിയിട്ടുണ്ട്. ജി സുധാകരന്‍, യു പ്രതിഭ, സി ദിവാകരന്‍ തുടങ്ങിയ ഇടത് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടാണ് അന്‍വര്‍ ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയത്. വി പി അന്‍വര്‍ മമത ബാനര്‍ജിക്ക് നല്‍കിയ കത്താണിത്. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭന്‍, ഹുസൈന്‍ രണ്ടത്താണി, എസ് രാജേന്ദ്രന്‍, സി ദിവാകരന്‍, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, ഐ എം വിജയന്‍ എന്നിവര്‍ താല്‍പര്യം അറിയിച്ചെന്നും അന്‍വറിന്റെ കത്തില്‍ പറയുന്നു. എംഎല്‍എമാരായ പ്രതിഭ ഹരി, കോവൂര്‍ കുഞ്ഞുമോന്‍, കെ പി മോഹനന്‍, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയില്‍ ചേരാമെന്ന് പറഞ്ഞെന്നും അന്‍വര്‍ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ അന്‍വറിന് കഴിഞ്ഞില്ലെന്നും ദേശീയ നേതൃത്വത്തെ വഞ്ചിച്ച് സ്വന്തം അജണ്ട നടപ്പാക്കാക്കാനാണ് അന്‍വര്‍ ശ്രമിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസന്‍ വ്യക്തമാക്കിയിരുന്നു.
