politicalkerala@gmail.com
May 30, 2026
ചാണ്ടിച്ചന്‍ പുപ്പുലിയാണ്
Politics

ചാണ്ടിച്ചന്‍ പുപ്പുലിയാണ്

Apr 25, 2026

പത്തുവര്‍ഷത്തെ പിണറായി വിജയന്‍ ഭരണം ഇനി തുടരണോ അതോ യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ നൂറ് സീറ്റ് നേടി ഭരണമാറ്റം സാധ്യമാകുമോ എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. ഇക്കുറി ബിജെപിയും വലിയ പ്രതീക്ഷയിലാണ്. 2016ല്‍ തുറന്ന നിയമസഭാ അക്കൗണ്ട് 2021ല്‍ പൂട്ടിക്കെട്ടിയ ജാള്യത മാറ്റാനാണ് കേന്ദ്രഭരണപ്പാര്‍ട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും കാട്ടിയ കരുത്ത് ഇക്കുറിയും ഫലിച്ചാല്‍ ബിജെപിക്കും ചിലപ്പോള്‍ നിയമസഭ കാണാനാകും.
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ കൊണ്ടുപിടിച്ച് പ്രചാരണത്തില്‍ മുങ്ങിയിരിക്കുകയാണ്. ഫ്‌ലക്‌സ്, ബാനര്‍, പോസ്റ്റര്‍, ചുവരെഴുത്തുകള്‍, റോഡ്‌ഷോ, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, വീടുകയറല്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കാരുടെ കസര്‍ത്തുകളെല്ലാം ഇക്കുറിയുമുണ്ട്. മാത്രമല്ല സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തുന്ന കാലമായതിനാല്‍ പോസ്റ്ററുകള്‍, ഫോട്ടോകള്‍, റീലുകള്‍, പാരജി പാട്ടുകള്‍ എന്നിവ സമൃദ്ധമായി മൊബൈല്‍ ഫോണുകളില്‍ ഒഴുകുകയാണ്. ചൂട് കനത്ത കാലമായതിനാല്‍ പ്രചാരണം കടുപ്പമാണെന്ന് സ്ഥാനാര്‍ത്ഥികളെല്ലാം ഒറ്റക്കെട്ടായി പറയുന്നുണ്ടെങ്കിലും ആരും ഒട്ടും പിന്നില്ലതാനും.
നാല്‍പ്പത് ലക്ഷം രൂപയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുശാസിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ ഇതിന്റെ എത്രയോ ഇരട്ടി വേണ്ടിവരുമെന്ന് സ്ഥാനാര്‍ത്ഥികള്‍ സമ്മതിച്ചില്ലെങ്കിലും കൂടെയുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍കാലങ്ങളിലേത് പോലെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള അദമ്യമായ സ്‌നേഹവും വിധേയത്വവുമൊന്നും ഇപ്പോള്‍ ആര്‍ക്കുമില്ല, കാശ് കൃത്യമായി എത്തിയാല്‍ പ്രചാരണം കൊഴുക്കും, അല്ലെങ്കില്‍ വെയിലുകൊണ്ട് വീടുകള്‍ കയറാനും പ്രസ്താവനകള്‍ നല്‍കാനും പോസ്റ്റര്‍ ഒട്ടിക്കാനും ബൂത്തുകള്‍ ക്രമീകരിക്കാനുമൊന്നും ആളിറങ്ങില്ല. ഇടതുപക്ഷപാര്‍ട്ടികളിലെ കേഡര്‍മാര്‍ പോലും കാശില്ലേല്‍ പോയി പണിനോക്കാന്‍ പറയുന്ന കാലമാണിത്. അതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പണമൊഴുകുന്നതിന് കയ്യും കണക്കുമില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം.
കേരളത്തിലെ 140 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ഒഴുികെ മറ്റെല്ലാവരും സാമ്പ്രദായിക മട്ടില്‍ തെരഞ്ഞെടുപ്പ് കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതുപ്പള്ളി എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ദേശീയ മാധ്യമങ്ങളില്‍ വരെ ഇക്കുറി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണരീതികളെക്കുറിച്ച് വലിയ വാര്‍ത്തകളാണുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചാണ്ടി തന്റെ തീരുമാനം പ്രഖ്യാപിച്ചു. പ്രചാരണത്തിന് ഇക്കുറി പോസ്റ്റര്‍, ബാനര്‍, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, അമിതമായ സോഷ്യല്‍മീഡിയാ പ്രചാരണങ്ങള്‍ ഒന്നും ഉണ്ടാകില്ല. പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് ചുവരെഴുത്തുകള്‍ നടത്തുന്നതിന് മാത്രമാണ് താന്‍ അനുമതി നല്‍കിയിട്ടുള്ളത്. മണ്ഡലത്തിലെ വോട്ടര്‍മാരെ പരമാവധി നേരില്‍ക്കണ്ടുള്ള പ്രചാരണ പ്രവര്‍ത്തനമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ പലതും കേട്ടതാണെന്ന മട്ടില്‍ ആളുകള്‍ വലിയ കാര്യമായി അതിനെ കണ്ടില്ലെങ്കിലും ചാണ്ടി ഉമ്മന്‍ പറഞ്ഞ വാക്ക് പാലിച്ചു. പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടിക്ക് വോട്ട് ചോദിച്ച് ഒരൊറ്റ ഫ്‌ലക്‌സ് ബോര്‍ഡുകളോ പോസ്റ്ററുകളോ ഇല്ല. പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഒന്നും തന്നെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയില്ല. അതിരാവിലെ മുതല്‍ സൈക്കിളില്‍ യാത്ര ചെയ്ത് ഓരോ വീടുകളിലുമെത്തി വോട്ടര്‍മാരെ കാണും. അതിന് ശേഷം കോലാഹലങ്ങള്‍ ഒന്നും തന്നെയില്ലാതെ അതാത് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം പ്രചാരണത്തിനിറങ്ങും. അതിഗംഭീരമായ റോഡ് ഷോകളോ പ്രകടനങ്ങളോ ഒന്നും തന്നെ പുതുപ്പള്ളിയിലില്ല. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന വേദിയില്‍ പോലും ട്രാക്ക് സ്യൂട്ട് ഇട്ടാണ് ചാണ്ടി ഉമ്മനെത്തിയത്. ചാണ്ടിക്കൊപ്പം രാഹുല്‍ ഗാന്ധിക്കും സൈക്കിളില്‍ കയറി പ്രചാരണം നടത്തേണ്ടിവന്നു.
പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി അരനൂറ്റാണ്ടിലേറെക്കാലം അജയ്യനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ വന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. രണ്ടര വര്‍ഷക്കാലം എംഎല്‍എ എന്ന നിലയില്‍ ചാണ്ടി ഉമ്മന്‍ ചെയ്ത കാര്യങ്ങള്‍ ഏറെയാണ്. മണ്ഡലത്തിലെ പരമാവധി വീടുകളില്‍ നേരിട്ടെത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിച്ചു. ഇതിനകം അമ്പതോളം വീടുകള്‍ക്ക് തറക്കല്ലിടുകയും പകുതിയിലേറെ പൂര്‍ത്തീകരിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യങ്ങളൊക്കെ ചെയ്തത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മറ്റ് നേതാക്കള്‍ വമ്പന്‍ റോഡ് ഷോകള്‍ നടത്തി ശ്രദ്ധനേടിയപ്പോള്‍ അവിടുത്തെ മൂവായിരത്തോളം വീടുകളില്‍ നേരിട്ടെത്തിയാണ് ചാണ്ടി ഉമ്മന്‍ ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് തേടിയത്.
ഇതാകണം ഒരു ജനപ്രതിനിധി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തി പണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ അത് വാരിക്കോരി ചെലവഴിച്ച് നാടിളക്കുന്നതും വര്‍ഗീയശക്തികളെ കൂട്ടുപിടിക്കുന്നതും സമുദായനേതാക്കളുടെ കാലുപിടിക്കുന്നതുമല്ല യഥാര്‍ത്ഥ ജനഹിതം. ജനങ്ങളോടൊപ്പം നിന്ന് അവരുടെ വിശ്വാസം നേടിയെടുക്കുന്നവരാണ് യഥാര്‍ത്ഥ ജനപ്രതിനിധികള്‍. അവര്‍ക്ക് ജനങ്ങളെയും ജനങ്ങള്‍ക്ക് അവരെയും വിശ്വാസമുണ്ടാകും. അതാണ് ചാണ്ടി ഉമ്മന്റെ കാര്യത്തില്‍ പുതുപ്പള്ളിയില്‍ കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന കാര്യത്തില്‍ പുതുപ്പള്ളിക്കാര്‍ മാത്രമല്ല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ലോകത്ത് വലിയ സംഘര്‍ഷങ്ങള്‍ നടക്കുന്ന സമയമാണിതെന്നും സാധാരണജനങ്ങള്‍ പോലും പശ്ചിമേഷ്യര്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് ആര്‍ഭാടം നിറഞ്ഞ പ്രചാരണപരിപാടികള്‍ക്കൊന്നും തനിക്ക് താല്‍പര്യമില്ലെന്നും ഇന്നലെയും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന പണം തന്റെ മണ്ഡലത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നാടുനീളെ സ്ഥാപിക്കുന്ന പടുകൂറ്റന്‍ ഫ്‌ളക്‌സുകളും സിനിമാപോസ്റ്ററുകളെ വെല്ലുന്ന ബഹുവര്‍ണ്ണ പോസ്റ്ററുകളും സകലകലാരൂപങ്ങളും അണിനിരത്തുന്ന റോഡ് ഷോകളും ഇരുട്ടിലും വെളിച്ചത്തിലും ഒഴുക്കുന്ന കണക്കില്ലാത്ത പണവുമൊന്നും ജനങ്ങളുടെ ഹിതം മാറ്റാന്‍ സഹായിക്കില്ലെന്ന തിരിച്ചറിവ് കേവലം രണ്ടര വര്‍ഷം ജനപ്രതിനിധിയായിരുന്ന ചാണ്ടി ഉമ്മന് വ്യക്തമായറിയാം. പി ആര്‍ വര്‍ക്കുകളിലൂടെ ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നവര്‍ക്കും കൂടെയുള്ള അണികളുടെ പോലും വോട്ടുകിട്ടുമോ എന്ന് ഉറപ്പില്ലാത്ത ജനനായകന്മാര്‍ക്കും ചാണ്ടി ഒരു പാഠപുസ്തകമാണ്. ചുവപ്പും വെളുപ്പും കാവിയുമൊക്കെ അണിഞ്ഞ് വോട്ടുതേടി ജനങ്ങളുടെ മുന്നിലെത്തുന്നവര്‍ ഈ ചെറുപ്പക്കാരനെ മാതൃകയാക്കുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *