അടിച്ചമര്‍ത്തലുകള്‍ എത്രകാലം വിലപ്പോവും!
ദേവികുളം മുന്‍ എംഎല്‍ എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയപ്പോള്‍ സിപിഎം കുലുങ്ങിയില്ല, കൊട്ടാരക്കര മുന്‍ എംഎല്‍എ ആയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് പോയപ്പോഴും സിപിഎം കുലുങ്ങിയതായി ഭാവിച്ചില്ല, എംഎല്‍എയൊന്നുമാകാത്ത വി കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരില്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ സിപിഎം ചെറുതായൊന്ന് കുലുങ്ങി, കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിമതരെ കൂട്ടി സമ്മേളനം നടത്തിയ പി കെ ശശിയെയും തീര്‍ത്തും അവഗണിക്കാനായിരുന്നു സിപിഎം തീരുമാനം. എന്നാല്‍ വി എസ്, പിണറായി മന്ത്രിസഭകളിലെ മികച്ച മന്ത്രിയും ഒരുകാലത്ത് ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയുടെ അവസാനവാക്കുമായിരുന്ന ജി സുധാകരന്‍ പാര്‍ട്ടി വിട്ടതായി പ്രഖ്യാപിക്കുകയും തന്റെ തട്ടകമായ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തതോടെ സിപിഎം നന്നായി കുലുങ്ങിയ മട്ടാണ്. ഇതുവരെ ജി സുധാകരന്‍ വെറും കറിവേപ്പിലയെന്ന് പറഞ്ഞുനടന്നിരുന്നവര്‍ ആറുപതിറ്റാണ്ട് പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ ഇനി താനില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് അനുരഞ്ജനശ്രമങ്ങള്‍ക്കെത്തി. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പരിഹാസവും മുഖ്യമന്ത്രി പിണറായി വിജയന്റെ അവഗണനയും മന്ത്രി സജി ചെറിയാന്റെയും മുന്‍മന്ത്രി എം എം മണിയുടെയും കൊച്ചാക്കലുകളുമൊന്നും ജി സുധാകരന്റെ പാര്‍ട്ടിവിട്ടുപോക്കിന്റെ ആഘാതത്തെ കുറയ്ക്കാനായിട്ടില്ല. ജി സുധാകരന്‍ മത്സരിക്കാനിറങ്ങിയാല്‍ ഉറപ്പായും യുഡിഎഫ് പിന്തുണ നല്‍കും. അമ്പലപ്പുഴയിലെ മത്സരം തീപാറും. ഒന്നാഞ്ഞുപിടിച്ചാല്‍ അമ്പലപ്പുഴ ജി സുധാകരന്റെ കയ്യിലൊതുങ്ങും.
തന്നെ താനാക്കിയ പാര്‍ട്ടിക്കെതിരെ മത്സരിച്ച് വിജയിക്കുകയൊന്നുമല്ല ജി സുധാകരന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ഏവര്‍ക്കുമറിയാം. 2021 മുതല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അദ്ദേഹത്തെ നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും അപഹസിക്കുകയും ചെയ്തവര്‍ക്കെതിരെ ശരിയായ സമയത്ത് നടത്തിയ മുഖമടിച്ചുള്ള അടിയാണിത്. പലരോടും, പലവട്ടം താന്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോഴിതാ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി വരെ ഇടപെടുന്ന തരത്തിലേക്ക് തനിക്കുണ്ടായ അപമാനത്തിന് തിരിച്ചടി നല്‍കാന്‍ ജി സുധാകരന് കഴിഞ്ഞു. പാര്‍ട്ടിയേക്കാളും നേതാക്കളെക്കാളുമൊക്കെ വലുതാണ് അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ വരുന്ന വോട്ടെടുപ്പ്.
മന്ത്രിയും എംഎല്‍എയും ആയിരുന്ന കാലത്ത് എന്തെങ്കിലും വഴിവിട്ട ഇടപാടുകള്‍ അദ്ദേഹം നടത്തിയതായി പാര്‍ട്ടിക്കാര്‍ക്കോ എതിര്‍പാര്‍ട്ടിക്കാര്‍ക്കോ എന്തിന് പാര്‍ട്ടിയിലെ ശത്രുക്കള്‍ക്ക് പോലുമോ പറയാന്‍ കഴിയില്ല. അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകളില്‍ അഴിമതിക്കാര്‍ തേര്‍വാഴ്ച നടത്തിയ ചരിത്രമുണ്ടായിട്ടും തലപ്പത്ത് ജി സുധാകരന്‍ ഇരുന്ന കാലത്ത് നേരിയ ആരോപണത്തിന് പോലും ഇടകൊടുക്കാത്തവിധം അദ്ദേഹം ഭരണം നിര്‍വ്വഹിച്ചിരുന്നു. ജി സുധാകരന്‍ എംഎല്‍എയും മന്ത്രിയും ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ തണലില്‍ വളര്‍ന്നുവന്നവരാണ് അദ്ദേഹത്തെ കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹത്തെ പുറങ്കാലിന് ചവിട്ടിയിരുന്നത്. നിരന്തരം പ്രതികരിക്കുന്നതിനാല്‍ സദാ കുരയ്ക്കുന്ന സുധാകുരന്‍ എന്നുവരെ അദ്ദേഹത്തെ പരസ്യമായി ആക്ഷേപിച്ചിരുന്നു ആലപ്പുഴയിലെ നേതാക്കള്‍.
മുതിര്‍ന്ന നേതാക്കളെ ചേര്‍ത്തുനിര്‍ത്താനും അവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താനും ശ്രമിക്കാതെ അവരെ ആക്ഷേപിക്കുകയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് എപ്പോഴെങ്കിലും കനത്ത തിരിച്ചടിയാകുമെന്നാണ് ജി സുധാകരന്‍ ഇപ്പോള്‍ ഉയര്‍ത്തിയ കലാപം വ്യക്തമാക്കുന്നുണ്ട്. എല്ലാക്കാലത്തും അദ്ദേഹം പാര്‍ട്ടിയുടെ തത്വശാസ്ത്രങ്ങളെയും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളെയും മുറുകെപ്പിടിക്കുകയും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുകയും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും നാട്ടിലെ സാധാരണക്കാരുടെ ക്ഷേമത്തിനായി നിലകൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. അതേസമയം അഴിമതിക്കാരായ നേതാക്കളെ ചേര്‍ത്തുനിര്‍ത്തുകയും തന്നെപ്പോലെയുള്ളവരെ അകറ്റിനിര്‍ത്തുകയും ചെയ്ത നിലപാടിനെ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ വീര്യത്തോടെ തന്നെ അദ്ദേഹം നിരന്തരം ചോദ്യം ചെയ്തതാണ് സിപിഎം നേതാക്കളുടെ കണ്ണില്‍ കരടായി മാറാന്‍ കാരണം.
വി എസ് അച്യുതാനന്ദന് ശേഷം ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ സമ്പൂര്‍ണ്ണമായി നിയന്ത്രിച്ചിരുന്ന നേതാവാണ് ജി സുധാകരന്‍. തോമസ് ഐസക്ക് അടക്കമുള്ള കരുത്തര്‍ പരമാവധി ശ്രമിച്ചിട്ടും സുധാകരന്റെ സ്വാധീനത്തെ അട്ടിമറിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹം തന്നെ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കള്‍ തന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും മാത്രമല്ല വശങ്ങളില്‍ നിന്നും അറഞ്ചംപുറഞ്ചം കുത്തുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാണാനായത്. അധികാരമില്ലാത്ത നേതാവിനെ ശുദ്ധ കോമാളിയാക്കി ചിത്രീകരിക്കാനാണ് അവരെല്ലാം ശ്രമിച്ചത്. പാര്‍ട്ടി വേദികളില്‍ നിന്നും പാര്‍ട്ടി ഇടപെടുന്ന പൊതുവേദികളില്‍ നിന്നും അദ്ദേഹത്തെ അകറ്റിനിര്‍ത്തി. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ പാര്‍ട്ടിക്ക് വേണ്ടി മാത്രം നിലകൊണ്ട ഒരാള്‍ക്ക്, വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം അനുജനെ വരെ നഷ്ടപ്പെട്ടയാള്‍ക്ക് ഇതെല്ലാം കടുത്ത വേദനയാണുണ്ടാക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരം പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊന്നും ചെവികൊടുക്കാത്ത പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ഊഴമിട്ട് അദ്ദേഹത്തിന്റെ വീട്ടുവരാന്തയില്‍ കാത്തുനിര്‍ത്തേണ്ട അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞത് ജി സുധാകരന്‍ ശരിയായ പൊതുപ്രവര്‍ത്തകനായിരുന്നു എന്നതിനാലാണ്.
തന്‍കാര്യക്കാരും ധാര്‍ഷ്ട്യക്കാരുമായ നേതാക്കളുടേതല്ല പാര്‍ട്ടിയെന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിന് മുമ്പ് ലോക്ള്‍സഭാ തെരഞ്ഞെടുപ്പും കാണിച്ചുതന്നതാണ്. എന്നിട്ടും പഠിക്കാത്തവര്‍ ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിക്കും വിവരമറിയും. നേതാക്കള്‍ പാര്‍ട്ടിവിട്ട് മറുകണ്ടം ചാടുമ്പോള്‍ പാര്‍ട്ടിവിടാന്‍ സാധിക്കാത്ത സാധാരണ പാര്‍ട്ടിക്കാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്ത് പ്രതികാരം നിര്‍വ്വഹിക്കുന്ന കാഴ്ചകള്‍ ഇനിയും ആവര്‍ത്തിക്കും. അതുകൊണ്ടാണല്ലോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ തളിപ്പറമ്പില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ അംഗീകരിക്കാനാവില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പാര്‍ട്ടിക്കാര്‍ തന്നെ ശബ്ദം ഉയര്‍ത്തിയത്. ഉയര്‍ന്ന ശബ്ദങ്ങളെ അച്ചടക്കം, നടപടി, ഭീഷണി തുടങ്ങിയവ കൊണ്ട് അമര്‍ത്താന്‍ കഴിയുമായിരിക്കും. എന്നാല്‍ വോട്ട് മാറ്റിച്ചെയ്താല്‍ എന്തുചെയ്യാനാകും നേതാക്കള്‍ക്ക്?
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി ജെ പി എന്നായിരുന്നു സി പി എമ്മുകാര്‍ പറഞ്ഞിരുന്നത്. ഇനി ഇന്നത്തെ സി പി എം നാളെ ആരൊക്കെയെങ്കിലുമാകുമെന്ന് പറയുന്നതാകും ഉത്തമം…
