politicalkerala@gmail.com
May 30, 2026
ജനാധിപത്യത്തെ തിരുത്തേണ്ടത് വോട്ടര്‍മാരാണ്
Politics

ജനാധിപത്യത്തെ തിരുത്തേണ്ടത് വോട്ടര്‍മാരാണ്

Apr 25, 2026

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിമാരും നേതാക്കളും കഴിഞ്ഞ മൂന്നാഴ്ചകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഇവിടങ്ങളിലൊന്നും ഡസന്‍ കണക്കിന് സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോ പൊലീസിന്റെയും കമാന്‍ഡോകളുടെയും സുരക്ഷാവലയമോ ഒന്നും കണ്ടില്ല. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി അധികാരത്തിന്റെ യാതൊരുവിധ ധാര്‍ഷ്ട്യങ്ങളുമില്ലാതെ കൈകൂപ്പിയും വീശിയും വോട്ട് അഭ്യര്‍ത്ഥിക്കുന്നവരെയാണ് എല്ലായിടത്തും കാണാനായത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തായിരുന്നു സ്ഥിതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം, ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, പോലീസ് വാഹനങ്ങള്‍, സൈറണുകള്‍… എന്തെല്ലാം ഏര്‍പ്പാടുകളായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും അധികാരത്തിന്റെ എല്ലാ സംവിധാനങ്ങളും അഴിച്ചുവച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. അവരുടെ വോട്ട് കിട്ടിയാല്‍ മാത്രമേ അധികാരത്തിന്റെ കവചം എടുത്തണിയാനാകൂ എന്ന് രാഷ്ട്രീയനേതാക്കള്‍ക്കറിയാം. അതുവരെ കടക്ക് പുറത്തെന്ന് പറയുന്നവര്‍ വിനീതവിധേയരായി കൈക്കൂപ്പിനില്‍ക്കും. കനത്തമുഖങ്ങളില്‍ സദാ പുഞ്ചിരി വിടരും.
ഇതാണ് ജനാധിപത്യത്തിന്റെ കരുത്ത്, വോട്ടിന്റെ ശക്തി. ഇത് കൃത്യമായും രാഷ്ട്രീയനേതാക്കള്‍ക്ക് അറിയാം. ഈ വോട്ട് കിട്ടിയാല്‍ അഞ്ചുകൊല്ലത്തേയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ലെന്ന്. എന്നാല്‍ ഈ അധികാരം ഇവര്‍ക്ക് നല്‍കുന്ന വോട്ടര്‍മാര്‍ക്ക് മാത്രം തങ്ങളുടെ കരുത്ത് തിരിച്ചറിയാനായിട്ടുണ്ടോ എന്നതാണ് സംശയം. വോട്ടിനായി കൈകൂപ്പി, താണുതൊഴുത്, ലോകത്തില്ലാത്ത വാഗ്ദാനങ്ങളെല്ലാം നല്‍കി ജയിച്ചുകഴിഞ്ഞാല്‍ അധികാരത്തിന്റെ എല്ലാവിധ സംവിധാനങ്ങളില്‍ നിന്നും ഈ വോട്ടര്‍മാരെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നവരോട് നിങ്ങള്‍ കടമകളെല്ലാം നിറവേറ്റിയിട്ടാണോ വരുന്നതെന്ന് ഒരു ചോദ്യമെങ്കിലും ഉയര്‍ത്താന്‍ ഏതെങ്കിലും വോട്ടര്‍മാര്‍ തയ്യാറാകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഈ ചിന്തയില്ലാത്തതാണ് നമ്മുടെ ജനാധിപത്യത്തെ ഇത്രമേല്‍ മൂല്യച്യുതിയിലേക്ക് എത്തിക്കാനും ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്ളതുമില്ലാത്തതുമായ അധികാരത്തെ എടുത്ത് ജനങ്ങള്‍ക്ക് മേല്‍ അമ്മാനമാടാനും കാരണമാകുന്നത്.
വോട്ട് ചെയ്ത് വിജയിപ്പിച്ച ഈ ജനങ്ങള്‍ക്ക് എന്നെങ്കിലും ഈ അധികാര കേന്ദ്രങ്ങളിലേക്ക് എത്തിനോക്കാന്‍ അവസരമുണ്ടായിട്ടുണ്ടോ എന്ന കാര്യം ഇനിയെങ്കിലും ചിന്തിക്കണം. ജനങ്ങളുടെ നികുതിപ്പണമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന ധാരണ വേണം. നാടിന്റെ വികസനം ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ്, അവരുടെ അഭിപ്രായ രൂപീകരണത്തിലൂടെയാകണം. വന്‍കിടക്കാര്‍ തങ്ങളുടെ താല്‍രപര്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണകര്‍ത്താക്കളെയും രാഷ്ട്രീയനേതാക്കളെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുക്കും. അവരുടെ ഇംഗിതങ്ങള്‍ നടപ്പിലാകുമ്പോള്‍ തീര്‍ച്ചയായും അഴിമതിയുണ്ടാകും. ആ അഴിമതിപ്പണം വീണ്ടും അധികാരം നേടിയെടുക്കാനായി വീണ്ടും ഉപയോഗിക്കും. ഇതിനെയാണ് ജനങ്ങള്‍ കൃത്യമായും മനസ്സിലാക്കേണ്ടതും ചോദ്യങ്ങള്‍ ഉയരേണ്ടതും.
ഈ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിയും ഓരോ മണ്ഡലത്തിലും ചെലവഴിച്ച പണത്തിന്റെ യഥാര്‍ത്ഥവിവരം പുറത്തുവന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരൊറ്റ ജനപ്രതിനിധി പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയുണ്ടാവില്ല എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രചാരണത്തിനായി പണത്തിന്റെ കുത്തൊഴുക്കാണെന്ന് ഓരോ മണ്ഡലത്തിലെയും സ്ഥിതി പരിശോധിച്ചാല്‍ വ്യക്തമാണ്. എവിടെ നിന്നാണ് ഇത്രയും പണം ഇങ്ങനെ ചെലവഴിക്കാന്‍ ഉണ്ടായത് എന്ന ചോദ്യം ഓരോ മണ്ഡലത്തിലെ വോട്ടര്‍മാരും തങ്ങളോട് വോട്ട് ചോദിച്ചെത്തുന്നവരോട് ചോദിക്കുക തന്നെ വേണം. ഈ പണം നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കപ്പെടേണ്ടവയാണ്.
എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പിന്നില്‍ മുദ്രാവാക്യം മുഴക്കി നില്‍ക്കുന്ന ഇന്നാട്ടിലെ വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് തങ്ങളുടെ നേതാക്കളെ, പാര്‍ട്ടിയെ, മുന്നണിയെ ചോദ്യം ചെയ്യാന്‍ കഴിയുക. സ്ഥാനാര്‍ത്ഥിക്കൂറിനും പാര്‍ട്ടിക്കൂറിനും മുന്നണിക്കൂറിനും മുകളിലാണ് ജനാധിപത്യത്തോടും വോട്ടവകാശത്തോടുമുള്ള കൂറും കടമയുമെന്ന് ഒരാളെങ്കിലും വിചാരിച്ചാല്‍ അവിടെ ചോദ്യമുയരും. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് അധികാരത്തിലേറുന്നതെന്നും ആ അധികാരം ഈ നാടിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിന് വേണ്ടിയാണോ ഉപയോഗപ്പെടുത്തുന്നതെന്നും ഓരോ മണ്ഡലത്തില്‍ ന ിന്നും ചോദ്യങ്ങളുണ്ടാകണം. അതാണ് ഉത്തരവാദിത്വ ജനാധിപത്യം. വോട്ടര്‍മാര്‍ അവരുടെ അവകാശങ്ങളും കടമകളും കൃത്യമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ നിലവിലെ അധികാരവാഴ്ചകള്‍ക്ക് അറുതിയുണ്ടാകും.
നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. എല്ലാത്തരം താല്‍പര്യങ്ങളും മാറ്റിവച്ച് നാടിന്റെ നന്മയ്ക്ക് ഉതകുന്നവര്‍ക്ക് വോട്ടുചെയ്യേണ്ട ഉത്തരവാദിത്വമാണ് ജനങ്ങള്‍ കാണിക്കേണ്ടത്. അഞ്ചുവര്‍ഷം ആര് നമ്മെ നയിക്കുമെന്ന് തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. ഇവിടെ ഉത്തരവാദിത്വമുള്ള വോട്ടര്‍മാരാകേണ്ടവരാണ് ഇന്നാട്ടിലെ ഓരോ പൗരന്മാരും.

Leave a Reply

Your email address will not be published. Required fields are marked *