politicalkerala@gmail.com
May 30, 2026
രക്തദാഹികളായ ജാതിരാക്ഷസര്‍…
Politics

രക്തദാഹികളായ ജാതിരാക്ഷസര്‍…

Apr 25, 2026

അധ്യാപകരുടെ ജാതി അധിക്ഷേപവും ക്രൂരമായ മാനസിക പീഡനവും സഹിക്കാനാവാതെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം വലിയ വിവാദമാണുണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളുടെയും അധിക്ഷേപങ്ങളുടെയും ഇരകളിലൊരാള്‍ തന്നെയാണ് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജ്. ജാതിയുടെ, നിറത്തിന്റെ, സൗന്ദര്യത്തിന്റെ, സാമ്പത്തികാവസ്ഥയുടെ ഒക്കെ പേരില്‍ വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ പീഡനം നേരിടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യാറുണ്ട്. ഇത് സൃഷ്ടിക്കുന്ന ശാരീരിക-മാനസികാഘാതങ്ങള്‍ എത്രമാത്രം വലുതാണെന്നതിനെക്കുറിച്ച് ഇക്കാലത്ത് ആരോടും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. പലപ്പോഴും സഹപാഠികളില്‍ നിന്നായിരിക്കും കുട്ടികള്‍ക്ക് മോശപ്പെട്ട അനുഭവങ്ങള്‍ നേരിടേണ്ടിവരിക. എന്നാല്‍ അത്തരം ക്രൂരതകള്‍ അധ്യാപകരുടെ ഭാഗത്തുനിന്നായാലോ? അതാണ് നിതിന്‍ രാജിന്റെ കാര്യത്തിലുണ്ടായത്. ജാതിയുടെയും സാമ്പത്തികാവസ്ഥയുടെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ചേര്‍ന്ന് ക്രൂരമായി അവഹേളിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് നിതിന്‍ രാജിന്റെ മരണം എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ആരോപണവിധേയരായ അധ്യാപകരെ കോളെജില്‍ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. കോളെജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സംഗീത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് മോശപ്പെട്ട അനുഭവങ്ങളുണ്ടായെന്നതിനെക്കുറിച്ച് നിതിന്‍ രാജിന്റെ വെളിപ്പെടുത്തലുകള്‍ ശബ്ദസന്ദേശങ്ങളായി പുറത്തുവന്നിട്ടുണ്ട്. മകന്‍ അതിക്രൂരമായ ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് നിതിന്‍ രാജിന്റെ മാതാപിതാക്കളും പരാതിപ്പെട്ടിരിക്കുന്നത്. തുടര്‍ന്നാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളെജ് അധികൃതര്‍ തീരുമാനിച്ചത്.
പഠനത്തില്‍ അതിസമര്‍ത്ഥനായ നിതിന്‍ രാജിന്‍ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്ന കുടുംബത്തില്‍ നിന്ന് നന്നായി പഠിച്ച് ബിഡിഎസിന് അഡ്മിഷനെടുത്ത് പഠനം തുടങ്ങി അധികം വൈകാതെ തന്റെ സ്വപ്നങ്ങളെയെല്ലാം ഉപേക്ഷിച്ച് ഒരു കുട്ടിക്ക് ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരായ ആളുകളെ സസ്പെന്റ് ചെയ്യുകയല്ല, നിയമത്തിന്റെ മുന്നില്‍ എത്തിക്കാനും ഭരണകൂടവും അന്വേഷണ സംവിധാനങ്ങളും കര്‍ശനമായ നടപടികളെടുക്കാനും അമാന്തിക്കരുത്. ഇനി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു കുട്ടി പോലും ഇത്തരത്തിലുള്ള വിവേചനങ്ങളും ബുദ്ധിമുട്ടുകളും പരിഹാസങ്ങളും നേരിടാതിരിക്കാനുള്ള മുന്‍കരുതലുകളും ആവശ്യമാണ്.
ജാതി പറഞ്ഞ് ആക്ഷേപിക്കുന്നവരെ മനുഷ്യരായി കാണാനാവില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട കടുത്ത അനാചാരങ്ങളെയെല്ലാം ചെറുത്ത് തോല്‍പ്പിച്ച് ആധുനിക യുഗത്തിലേക്ക് മനുഷ്യത്വത്തെ കൈപിടിച്ചുയര്‍ത്തിയ മഹാമനുഷ്യരുടെ നാടാണ് നമ്മുടേത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വൈകുണ്ഠസ്വാമികളും അയ്യാസ്വാമികളും സഹോദരന്‍ അയ്യപ്പനും വാഗ്ഭടാനന്ദനുമൊക്കെ ഈ നാടിനെ ഗ്രസിച്ച ജാതിയുടെ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായ പോരാട്ടം നടത്തി കേരളീയജനസമൂഹത്തിലേക്ക് മാറ്റങ്ങളുടെ വെളിച്ചമെത്തിച്ചവരാണ്. ജാതിയും മതവുമൊന്നുമല്ല മനുഷ്യനാണ് പ്രധാനമെന്ന് ഉദ്ഘോഷിച്ച് ശ്രീനാരായണഗുരു പകര്‍ന്നുനല്‍കിയ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന മഹദ് വചനം സൂര്യശോഭ കണക്കെ ഓരോ മനുഷ്യരുടെയും മനസ്സില്‍ ജ്വലിക്കേണ്ടതിന് പകരം നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോകുന്നവരെ കാണാന്‍ കഴിയുന്നത്. പുറമെ വലിയ പരിഷ്‌കരണവാദികളായി നിലകൊള്ളുന്നവരില്‍ പലരുടെയും മനസ്സില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അനാചാരങ്ങള്‍ കുടിയിരിക്കുന്നത് അവസരങ്ങള്‍ വരുമ്പോള്‍ കാണാനാകും. ഒട്ടേറെ മഹാമനുഷ്യര്‍ അവരുടെ ജീവിതം സമര്‍പ്പിച്ച് നടത്തിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ സന്ദേശങ്ങളെ പുതിയ തലമുറകളിലേക്ക് പകര്‍ത്തുന്നതിന് പകരം ജാതിയുടെ ഇരുളിനെ ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നവരെ തുറുങ്കിലടയ്ക്കുക തന്നെ വേണം. ജാത്യാധിക്ഷേപം കുറ്റകരമായ നമ്മുടെ നാട്ടില്‍ ഇത്തരക്കാര്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തന്നെ നടപടികളെടുക്കുകയും വേണം.
കുഞ്ഞുങ്ങളുടെ മനസ്സില്‍ വെളിച്ചം പകരേണ്ടവരാണ് അധ്യാപകര്‍. അവര്‍ തങ്ങളുടെ നീചപ്രവൃത്തികളിലൂടെ കുട്ടികളുടെ ജീവനെടുക്കാന്‍ കാരണക്കാരായാല്‍ അധ്യാപകരെന്നല്ല കൊലയാളികള്‍ എന്നുതന്നെ അവരുടെ മുഖത്തുനോക്കി വിളിക്കണം. എത്ര വലിയ സ്വപ്നങ്ങളാണ് ഓരോ കുഞ്ഞുങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ക്കുള്ളത്. അവര്‍ നന്നായി പഠിച്ച് മിടുക്കരായി നല്ല ജീവിതം കെട്ടിപ്പടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി നാടും വീടും വിട്ടുനില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് അധ്യാപകരും സുഹൃത്തുക്കളുമാണ്. എന്നാല്‍ അവരില്‍ നിന്നുണ്ടാകുന്ന ദുരനുഭവങ്ങള്‍ ചിലപ്പോള്‍ കുഞ്ഞുങ്ങളെ തകര്‍ത്തുകളയും. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിനും സംഭവിച്ചത് ഇതായിരിക്കാം. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ വലിയ സാമൂഹിക പ്രശ്നങ്ങള്‍ തന്നെയാണ്. അതിനെ ശരിയായ നിലയ്ക്ക് അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്താനും പൊതുസമൂഹത്തിനും ഉത്തവാദിത്വമുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ചയാവുകയും ആവശ്യമായ ഇടപെടല്‍ ഉണ്ടാവുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *