politicalkerala@gmail.com
November 5, 2025
‘ശബരിമല യുവതി പ്രവേശനത്തിൽ നിലവിലെ സർക്കാർ നിലപാടെന്ത്?’
Politics

‘ശബരിമല യുവതി പ്രവേശനത്തിൽ നിലവിലെ സർക്കാർ നിലപാടെന്ത്?’

Mar 16, 2022

തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇന്ന് കേരളത്തിലെ മാധ്യമങ്ങളിൽ നിറയുന്നത്. ശബരിമലയെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനായാണ് സം​ഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, വിശ്വാസത്തിൻ്റെ കൂട്ട് പിടിച്ച് വോട്ട് നേടാനുള്ള തന്ത്രമായി പ്രതിപക്ഷം സം​ഗമത്തെ വിമർശിച്ചു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ നിഷേധിച്ച് മല അരയ മഹാസഭയും രം​ഗത്ത് വന്നിരുന്നു.

ബ്രാഹ്മണ്യ ആചാര വ്യവഹാരങ്ങളെ കേരളത്തിൽ കൂടുതൽ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടത്തുന്നതെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുൻപ് അറിയിച്ച നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ടി. എസ് ശ്യാംകുമാർ അഴിമുഖത്തോട് പ്രതികരിച്ചു.

‘മലയരയസഭ മാത്രമല്ല ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുള്ളത്. പന്തളം കൊട്ടാരം, യോ​ഗക്ഷേമ സഭ, തുടങ്ങിയവർ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. സമാന്തരമായി മറ്റു ചിലർ ഇത്തരം സം​ഗമങ്ങൾ നടത്തുന്നുണ്ട്. ഇത് രണ്ടും മനസിലാക്കേണ്ടതുണ്ട്. ആ​ഗോള അയ്യപ്പ സം​ഗമത്തിനൊപ്പം സമാന്തരമായി നടത്തുന്ന മറ്റ് പരിപാടികളുടെ രാഷ്ട്രീയമെന്താണെന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

ശബരിമലയിലെ യുവതി പ്രവേശനത്തെക്കുറിച്ച് വിയോജനക്കുറിപ്പ് എഴുതിയ ഇന്ദു മൽഹോത്രയാണ് ഡൽഹിയിൽ നടക്കുന്ന വിശ്വാസ സംഗമം എന്ന പരിപാടിയുടെ മുഖ്യ അതിഥിയെന്നാണ് വാർത്തകളിൽ പറയുന്നത്. അത്തരം കാര്യങ്ങൾ കൂടി ചർച്ച ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്.

രണ്ട് തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഈ പ്രശ്നത്തിൽ അന്തർഭവിച്ചിട്ടുണ്ട്. തങ്ങളാണ് യഥാർത്ഥ ഹിന്ദുത്വ വിശ്വസങ്ങളുടെ സംരക്ഷകർ എന്ന് പറയാനുള്ള ഒരു ശ്രമം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ മത്സരാധിഷ്ടിതമായ വിശ്വാസ സംരക്ഷണ പദ്ധതിയിൽ കാണാൻ കഴിയും. ബ്രാഹ്മണ്യ ആചാര വ്യവഹാരങ്ങളെ കൂടുതൽ കേരളത്തിൻ്റെ മണ്ണിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് യഥാർത്ഥത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലാതെ വിമോചനാത്മകമായ ആശയങ്ങളിതിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഭരണഘടനയുടെ ആർട്ടിക്കിളുകൾ അനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള വിശ്വാസ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ ഭരണകൂടം ചെയ്തുകൂടായെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തരത്തിൽ ക്രിസ്ത്യൻ സം​ഗമവും മുസ്ലീം സം​ഗമവുമെല്ലാം നടത്തിയാൽ നമ്മുടെ നാടിൻ്റെ ​ഗതിയെന്താവും? ജനങ്ങളെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ തരംതിരിച്ച് അപകടകരമായ ഒരു അവസ്ഥയിലേക്ക് എത്താനുള്ള സാഹതര്യമാണ് കാണുന്നത്. അയ്യപ്പ സം​ഗമത്തിൻ്റെ പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്.

ശബരിമലയിലെ യുവതീ പ്രവേശനത്തെക്കുറിച്ചുള്ള ഭരണകൂടത്തിൻ്റെ നിലവിലെ നിലപാടെണന്താണ്? മലയരയർ ഉൾപ്പെടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതല്ലേ? കേരളത്തിലെ തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്കൂളുകളിലെ ദളിത്, ആദിവാസി ജനവിഭാ​ഗങ്ങളുടെ സംവരണത്തെക്കുറിച്ചുള്ള നിലപാടെന്താണ്? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. ശബരിമലയിൽ തന്നെ ഒരു അബ്രാഹ്മണ മേൽശാന്തിയെ നിയമിക്കണം. മലയാള ബ്രാഹ്മണർ പ്രത്യേക ക്ലാസ് ആണെന്നാണ് ഇതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മറുപടിയായി പറഞ്ഞത്. എങ്ങനെയാണ് മലയാള ബ്രാഹ്മണർ പ്രത്യേക ക്ലാസ് ആകുന്നത്. ഇതെല്ലാം വ്യക്തത ലഭിക്കേണ്ട ചോദ്യങ്ങളാണ്. ആത്യന്തികമായി ഹിന്ദുത്വ വലതുപക്ഷ ആശയങ്ങൾക്കുള്ള പ്രോത്സാഹനമായി വേണം ഇത്തരം കാര്യങ്ങളെ കാണേണ്ടത്.

ഇപ്പോൾ ഈ ആശയം സമൂഹത്തിൽ ദോഷമാകില്ലെന്ന് തോന്നില്ലെങ്കിലും യഥാർത്ഥത്തിൽ ഭാവിയിൽ വളരെയധികം ദോഷം സംഭവിക്കുന്ന ഒരു കാര്യത്തിലേക്ക് ഇത് പോവുകയും കേരളം ഒരു ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാണ് എന്ന തോന്നലിലേക്ക് എത്തിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യും.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആദിവാസികളും ദളിതരുമടങ്ങുന്നത് കൊണ്ടാണ് കേരളം ഒരു മതേതര ഇടമായി നിൽക്കുന്നത്. ആ സെക്യൂലറിസം നിലനിൽക്കുന്നയിടത്ത് ദോഷം വരുത്തുന്ന ഒന്നായിട്ടാണ് ആ​ഗോള അയ്യപ്പ സം​ഗമത്തെ ഞാൻ വിലയിരുത്തുന്നത്,’ ഡോ. ടി. എസ് ശ്യാംകുമാർ അഴിമുഖത്തോട് പ്രതികരിച്ചു.

നാളെയാണ് പമ്പാ തീരത്ത് ആ​ഗോള അയ്യപ്പ സം​ഗമം നടക്കുക. വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് ആ​ഗോള അയ്യപ്പ സം​ഗമം വഴിയൊരുക്കിയത്. ആ​ഗോള അയ്യപ്പ സം​ഗമത്തെ മതേതര കേരളം പിന്തുണയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോൾ സർക്കാരിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളുമായി പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *